രാജ്ഘട്ടിലേക്കു പ്രിയങ്കയുടെ സമാധാന യാത്ര
Thursday, February 27, 2020 12:12 AM IST
ന്യൂഡൽഹി: ഡൽഹിയിൽ സമാധാനത്തിനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ സ്മൃതികൂടിരം സ്ഥിതി ചെയ്യുന്ന രാജ്ഘട്ടിലേക്കു കോണ്‍ഗ്രസ് പ്രവർത്തകർ സമാധാന റാലി നടത്തി. കലാപത്തിനെതിരേ ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ ജന്ദർ മന്തറിൽ പ്രത്യേക സമാധാന യോഗവും നടത്തി.
കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, മുകുൾ വാസ്നിക്, രണ്‍ദിപ് സിംഗ് സുർജേവാല തുടങ്ങി മുൻനിര നേതാക്കൾ സമാധാന മാർച്ചിനു നേതൃത്വം നൽകി.
വിവിധ സംഘടനകൾ റാലിയിൽ പങ്കെടുത്തു. എഐസിസി ആസ്ഥാനത്തു നിന്നു പുറപ്പെട്ട സമാധാന യാത്ര രാജ്ഘട്ടിലെത്തും മുന്‍പു പോലീസ് തടഞ്ഞു. ഡൽഹി കലാപം ആസൂത്രിതമാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണു കോണ്‍ഗ്രസ് പ്രവർത്തകർ സമാധാന റാലിയുമായി തെരുവിലിറങ്ങിയത്.
ജന്ദർമന്തറിൽ ഇന്നലെ നടന്ന പ്രതിഷേധ യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, എം.എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, വനിതാ നേതാവ് ആനി രാജ, വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ തുടങ്ങിയവർ പെങ്കടുത്തു.