സാന്പത്തിക പാക്കേജ്: ശരിയായ ദിശയിലുള്ള നടപടിയെന്നു രാഹുൽ
Thursday, March 26, 2020 11:59 PM IST
ന്യൂഡൽഹി: കൊറോണ ദുരിതം നേരിടുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാന്പത്തിക പാക്കേജ് ശരിയായ ദിശയിലുള്ള ആദ്യത്തെ നടപടിയെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കടത്തിൽ കുടുങ്ങിയ കർഷകർക്കും ദിവസ വേതനം മാത്രമുള്ളവർക്കും തൊഴിലാളികൾക്കും ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ സ്ത്രീകൾ അടക്കമുള്ളവർക്കും ഇത് അത്യാവശ്യമാണെന്നും രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു.
കൊറോണ ദുരിതം നേരിടുന്നതിനായി കർഷകരും തൊഴിലാളികളും അടക്കമുള്ള താഴേത്തട്ടിലുള്ളവർക്കു വേണ്ടി അടിയന്തരമായി സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി. ചിദംബരം എന്നിവരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ കൊറോണ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സർക്കാർ ഏർപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങൾക്കും നിർദേശങ്ങൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.