കമല്‍ഹാസന്റെ വീടിനു മുന്നിലെ ക്വാറന്റൈൻ സ്റ്റിക്കര്‍ നീക്കം ചെയ്തു
Sunday, March 29, 2020 12:01 AM IST
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന് ക്വാറന്റൈനിലാണെന്ന ധാരണയില്‍ ചെന്നൈ ആല്‍വാര്‍പേട്ടിലെ വീടിനു മുന്നില്‍ നിരീക്ഷണത്തിലുള്ള ആള് എന്ന് സ്റ്റിക്കര്‍ പതിപ്പിച്ച് ആരോഗ്യവിഭാഗം. മാര്‍ച്ച് പത്തു മുതല്‍ ഏപ്രില്‍ ആറു വരെ കമല്ഹാസന് ക്വാറന്റൈയിനിലാണെന്നാണു സ്റ്റിക്കറില്‍ വ്യക്തമാക്കിയിരുന്നത്.
കമലിന്റെ മകള്‍ ശ്രുതി ഹാസൻ ലണ്ടനില്‍നിന്നു പത്തുദിവസം മുമ്പാണു മടങ്ങിയെത്തിയത്. ഇതിനാലാണു സ്റ്റിക്കര്‍ പതിപ്പിച്ചത് എന്നാണു ചെന്നൈ നഗരസഭാ അധികൃതരുടെ വിശദീകരണം. എന്നാല്‍ ശ്രുതി ഹാസന് മുംബൈയിലാണു താമസിക്കുന്നതെന്നു മനസിലായതോടെ നഗരസഭാ അധികൃതര്‍ സ്റ്റിക്കര്‍ നീക്കം ചെയ്തു.
സംഭവം വാര്‍ത്തയായതോടെ താന്‍ ക്വാറന്റൈനിലാണെന്നത് തെറ്റായ പ്രചാരണമാണെന്നു വിശദീകരിച്ച് കമല്ഹാസന് പ്രസ്താവനയുമായി രംഗത്തെത്തി. താന്‍ സാമൂഹിക അകലം പാലിച്ചു കഴിയുകയാണെന്നും അതു നിങ്ങളും പാലിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കമല്ഹാസന് പറഞ്ഞു.
സ്റ്റിക്കര്‍ പതിപ്പിച്ച വീട്ടില്‍ ഏതാനും വര്‍ഷങ്ങളായി കമല്ഹാസന് താമസിക്കുന്നില്ല. ഈ വീട് മക്കള്‍ നീതിമയ്യം ഓഫീസായി പ്രവര്‍ത്തിക്കുകയാണ്.