മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികള്‍
Tuesday, May 26, 2020 11:56 PM IST
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി(എംവിഎ) സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് എംവിഎയിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവ ആരോപിച്ചു. എന്നാല്‍, മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിനു താത്പര്യമില്ലെന്നും എന്നാല്‍ കോവിഡ് പ്രതിരോധത്തിനു സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞദിവസം മുന്‍ മുഖ്യമന്ത്രിയും ബിജെപി രാജ്യസഭാംഗവുമായ നാരായണ്‍ റാണെ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടാണ് റാണെ ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നു മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റൗത് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിലെ സ്ഥിതി പരിതാപകരമാണെന്ന് റൗത് പറഞ്ഞു. മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെങ്കിലും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തേണ്ടതില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് സുധീര്‍ മുന്ഗന്തിവാര് പറഞ്ഞു.