വിശാഖപട്ടണം ചാരവൃത്തിക്കേസ്: മുഖ്യസൂത്രധാരനെ എൻഐഎ പിടികൂടി
Sunday, June 7, 2020 12:01 AM IST
ന്യൂഡൽഹി: പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ സംഭവത്തിന്റെ മുഖ്യസൂത്രധാരനെ ദേശീയ അന്വേഷണ സംഘം(എൻഐഎ) അറസ്റ്റ്ചെയ്തു. സൈനിക ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ചോർത്തുന്നതിനു സാന്പത്തിക സഹായം ഉൾപ്പെടെ നൽകിയ മുംബൈ സ്വദേശി അബ്ദുൾ റഹ്മാൻ അബ്ദുൾ ജബ്ബാർ ഷെയ്ക് (53) ആണ് അറസ്റ്റിലായത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് ഒട്ടേറെ ഡിജിറ്റൽ ഉപകരണങ്ങളും രഹസ്യരേഖകളും പിടികൂടുകയും ചെയ്തു.
അബ്ദുൾ റഹ്മാന്റെ ഭാര്യ ഷൈസ്ത ക്വയ്സർ ഉൾപ്പെടെ ഏതാനുംപേരെ അറസ്റ്റ്ചെയ്തതായും സൂചനയുണ്ട്. നേരത്തെ ഏതാനും പ്രതികളെ അറസ്റ്റ്ചെയ്തിരുന്നു.
തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ ചോർത്തിയ സംഭവം കഴിഞ്ഞ ഡിസംബറിലാണു രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയത്. മുംബൈ, കർവാർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ നാവികസേനാംഗങ്ങളെയാണ് കേസിൽ അറസ്റ്റ്ചെയ്തത്.