പ്രിയങ്കയ്ക്കായി ഷീലാ കൗളിന്റെ ലക്നോവിലെ വസതി ഒരുങ്ങുന്നു
Friday, July 3, 2020 12:50 AM IST
ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്നോവിൽ മുൻ കേന്ദ്രമന്ത്രി ഷീലാ കൗളിന്റെ വസതിയിലേക്കു താമസം മാറ്റുന്നു. ഷീലാ കൗളിന്റെ വസതി അറ്റകുറ്റപ്പണികൾ നടത്തി മോടി പിടിപ്പിച്ചതായും പ്രിയങ്ക ഉടൻ ലക്നോവിലേക്കു താമസം മാറ്റുമെന്നും യുപിയിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്നു പ്രിയങ്കയോടു കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.
ഷീല കൗളിന്റെ ലക്നോ ഗോഖലെ മാർഗിലെ വസതിയിൽ ആറു മാസം മുന്പേ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ലക്നോവിലേക്കു താമസം മാറ്റാൻ ആറു മാസം മുന്പേ തീരുമാനിച്ചിരുന്നതാണെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു.