സിബിഎസ്ഇ പരീക്ഷാഫലം: തീയതി തീരുമാനമായില്ല
Friday, July 10, 2020 12:38 AM IST
ന്യൂഡൽഹി: പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനത്തിനു തീയതി തീരുമാനിച്ചിട്ടില്ലെന്നു സിബിഎസ്ഇ അറിയിച്ചു. ഇതു സംബന്ധിച്ചു സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സർക്കുലർ വിശ്വസിക്കരുത്.
ശനിയാഴ്ചയും തിങ്കളാഴ്ചയുമായി 12, 10 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ ഫലം സിബിഎസ്ഇ പ്രഖ്യാപിക്കുമെന്നായിരുന്നു വ്യാജ സർക്കുലറിൽ അവകാശപ്പെട്ടിരുന്നത്. ചില വാർത്താ ചാനലുകളിലും ഓണ്‍ലൈൻ പോർട്ടലുകളിലും തെറ്റായ ഈ വാർത്ത പ്രത്യക്ഷപ്പെട്ടു. ഇതേത്തുടർന്നാണു ഫലപ്രഖ്യാപനത്തിനുള്ള തീയതി ഇനിയും തീരുമാനിച്ചിട്ടില്ലെന്നു സിബിഎസ്ഇ വിശദീകരണക്കുറിപ്പ് ഇറക്കിയത്.