പ്രശ്നപരിഹാരത്തിനു പ്രിയങ്കയും
Tuesday, July 14, 2020 12:55 AM IST
ന്യൂഡൽഹി: രാജസ്ഥാനിലെ വിഷയം പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് നിയോഗിച്ച രണ്‍ദീപ് സിംഗ് സുർജേവാല വിഷയം ചർച്ച ചെയ്തു പരിഹാരം കാണണമെന്ന് പലതവണ സച്ചിൻ പൈലറ്റിനോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ വാതിലുകൾ എക്കാലത്തും തുറന്നിട്ടിരിക്കുകയാണെന്നുള്ള സോണിയ ഗാന്ധിയുടെ സന്ദേശം കൈമാറുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഇന്നലെ ജയ്പൂരിലെത്തിയിരുന്നു.
അതിനിടെ ഇന്നലെ ഉച്ചയോടെ തന്നെ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റുമായി ഫോണിൽ സംസാരിച്ചു എന്നാണ് വിവരം. പ്രശ്ന പരിഹാരത്തിനായി പ്രിയങ്ക നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം സച്ചിൻ പൈലറ്റുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചത്.