ബിഷപ് ഫ്രാങ്കോയുടെ ഹർജി തള്ളി
Wednesday, August 5, 2020 11:40 PM IST
ന്യൂഡൽഹി: പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി സുപ്രീം കോടതി തള്ളി. ബിഷപ് ഫ്രാങ്കോ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
ആരോപണം കെട്ടിച്ചമച്ചതാണെന്നും വ്യക്തിപരമായ വിദ്വേഷം കാരണമാണ് പരാതിക്കു പിന്നിലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നതിനെ പരാതിക്കാരിയും സംസ്ഥാന സർക്കാരും എതിർത്തു. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് ബിഷപ് ഫ്രാങ്കോ സുപ്രീംകോടതിയെ സമീപിച്ചത്.