ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Thursday, August 13, 2020 12:07 AM IST
ന്യൂഡൽഹി: പത്തനംതിട്ട ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച പി.പി. മത്തായിയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. കേരള ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് മേധാവി എന്നിവരിൽ നിന്നാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം എന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ നടന്ന അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ എന്തു നടപടി എടുത്തു എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോടും ചോദിച്ചിട്ടുണ്ട്. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഡൽഹി ഭദ്രാസനം ജനറൽ സെക്രട്ടറി അഡ്വ. റോബിൻ രാജുവാണ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയത്.