വിദ്വേഷ പ്രചാരണം: ഡൽഹി നിയമസഭ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഫേസ് ബുക്ക്
Tuesday, September 15, 2020 11:48 PM IST
ന്യൂഡൽഹി: ഡൽഹി നിയമസഭയുടെ പീസ് ആന്‍ഡ് ഹാർമണി സമിതിക്ക് മുന്നിൽ ഹാജരാകാൻ സാധ്യമല്ലെന്ന് ഫേസ് ബുക്ക് ഇന്ത്യ അധികൃതർ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്ക് വിദ്വേഷ പ്രചാരണങ്ങൾക്ക് വേദിയൊരുക്കിയതിന് വിശദീകരണം തേടിയാണ് ഫേസ് ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹനോട് ഇന്നലെ ഡൽഹി നിയമസഭ സമിതിക്ക് മുന്നിൽ ഹാജരാകണം എന്നാവശ്യപ്പെട്ടത്.
ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ചദ്ദയാണ് സമിതി അധ്യക്ഷൻ. എന്നാൽ, ഇതേ വിഷയത്തിൽ തങ്ങൾ പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകിയതാണെന്നും വിളിച്ച് വിരുത്തി വിശദീകരണം തേടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നുമാണ് ഫേസ് ബുക്ക് അധികൃതരുടെ നിലപാട്.
ഇന്നലെ ഡൽഹി നിയമസഭയിൽ ഫേസ് ബുക്ക് അധിതർ രേഖമൂലം നൽകിയ വിശദീകരണം വായിച്ചു. വിഷയം പാർലമെന്ററി സമിതിയുടെ പരിഗണനയിൽ ഇരിക്കുന്നത് കൊണ്ട് വിളിച്ച് വരുത്തി വിശദീരണം തേടുന്നതിൽ നിന്ന് ഡൽഹി നിയമസഭ പിൻമാറണമെന്നാണ് കത്തിലെ ആവശ്യം. മാത്രമല്ല, ഇത്തരം കാര്യങ്ങളിൽ ഫേസ് ബുക്ക് കേന്ദ്ര സർക്കാരിന്റെ മാത്രം അധികാര പരിധിയിലാണെന്നും ഡൽഹി നിയമസഭയുടെ ആവശ്യം നിരാകരിക്കുകയും ചെയ്യുകയുമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
വിവര സാങ്കേതിക വിദ്യയും ക്രമസമാധനവും കേന്ദ്ര സർക്കാരിന്റെ കീഴിലാണെന്നതിനാൽ ഡൽഹി സർക്കാർ ഇക്കാര്യത്തിൽ തലയിടേണ്ടതില്ലെന്നാണ് ഫേസ് ബുക്ക് ഇന്ത്യയുടെ നിലപാടെന്ന് സമിതി അധ്യക്ഷൻ രാഘവ് ചദ്ദ പറഞ്ഞു.