രാജ്യത്ത് പതിനഞ്ചിലൊരാൾക്കു കോവിഡ് വന്നിരിക്കാമെന്ന് ഐസിഎംആർ
Wednesday, September 30, 2020 12:24 AM IST
ന്യൂഡൽഹി: രാജ്യത്ത് ഓഗസ്റ്റിനകം പത്തു വയസിൽ മുകളിൽ പ്രായമുള്ള പതിനഞ്ചിലൊരാൾക്കു കോവിഡ് വന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഐഎസിഎംആർ സിറോ സർവേ. ഐസിഎംആറിന്റെ രണ്ടാമത്തെ സിറോ സർവേയാണിത്.
ഓഗസ്റ്റ് 17നും സെപ്റ്റംബർ 22നും ഇടയിലായിരുന്നു സർവേ. ഇതിൽ പങ്കാളികളായ പത്തു വയസിനു മുകളിൽ പ്രായമുള്ള 29,082 പേരിൽ 6.6 ശതമാനം പേർക്ക് രോഗം വന്നിരിക്കാമെന്ന് കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. 18 വയസിനു മുകളിലുള്ളവരിൽ 7.1 ശതമാനത്തിനു രോഗം വന്നതായാണു കണ്ടെത്തിയത്. നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും നഗരങ്ങളിലുമാണു രോഗവ്യാപനം കൂടുതലായുള്ളത്.