ബാബറി മസ്ജിദ് കേസ്; പാക് ഇടപെടൽ തമസ്കരിച്ച സിബിഐക്കെതിരെ കോടതി
Friday, October 2, 2020 12:30 AM IST
ലക്നോ: ബാബറി മസ്ജിദ് പൊളിച്ച കേസിൽ ലക്നോയിലെ സിബിഐ പ്രത്യേക കോടതിയുടെ വിധിന്യായത്തിൽ, കേസന്വേഷിച്ച സിബിഐക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ.
മതസൗഹാർദം തകർക്കുകയെന്ന ലക്ഷ്യത്തോടെ പാക് രഹസ്യാന്വേഷണവിഭാഗം തർക്കഭൂമിയിൽ കടന്ന് നാശനഷ്ടം വരുത്തുമെന്ന അതീവ പ്രാധാന്യമർഹിക്കുന്ന രഹസ്യവിവരത്തെക്കുറിച്ച് സിബിഐ അന്വേഷിച്ചില്ലെന്നു കോടതി കുറ്റപ്പെടുത്തി.
ബാബറി മസ്ജിദ് തകർക്കുന്നതിന് എൽ.കെ. അഡ്വാനി ഉൾപ്പെടെ 32 പ്രമുഖർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കുന്നതിൽ, പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേടുകൾ തിരിച്ചടിയായെന്നും പ്രത്യേക ജഡ്ജി എസ്.കെ. യാദവ് വിധിന്യായത്തിൽ പറയുന്നു.
കേസിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി ഉൾപ്പെടെ പ്രമുഖർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തനാവില്ലെന്നു ബുധനാഴ്ച പുറപ്പെടുവിച്ച വിധിന്യായത്തിലാണു കോടതി പറഞ്ഞത്.
പാക് രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നുള്ള ചിലർ പ്രദേശവാസികൾക്കിടയിലൂടെ നുഴഞ്ഞുകയറി തർക്കപ്രദേശത്ത് നാശനഷ്ടം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് അയോധ്യാസംഭവത്തിന്റെ തൊട്ടുതലേന്ന് പ്രാദേശിക രഹസ്യാന്വേഷണ യൂണിറ്റ് (എൽഐയു) റിപ്പോർട്ട് നൽകിയിരുന്നു. ഇത് അവഗണിച്ചത് ആരോപണവിധേയർക്കെതിരെ സിബിഐ ഉയർത്തിയ വാദം ദുർബലമാക്കിയെന്നു ഹിന്ദിയിൽ തയാറാക്കിയ 2,300 പേജുള്ള വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.