സ്വർണം നഷ്ടപ്പെട്ട കേസിൽ ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ സിബിഐ കേസ്
Monday, October 19, 2020 12:45 AM IST
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലെ വെയർഹൗസിൽനിന്ന് 2.6 കിലോ സ്വർണം അപ്രത്യക്ഷമായ സംഭവത്തിൽ ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. 2012 ജൂൺ എട്ടിനും 2014 മാർച്ച് 26 നും ഇടയിൽ കെംപഡൗഡ വിമാനത്താവളത്തിൽ എത്തിയ 13 യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്ത സ്വർണമാണു കാണാതായത്. കസ്റ്റംസിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർ, മൂന്ന് സൂപ്രണ്ടുമാർ തുടങ്ങിയവർ ഉൾപ്പെടെ ജീവനക്കാരാണു പ്രതിസ്ഥാനത്ത്.
ഹൈദരാബാദ് വിജിലൻസും കസ്റ്റംസും സംയുക്തമായി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ സ്വർണം നഷ്ടപ്പെട്ടതിൽ ഈ ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി കണ്ടെത്തിയെന്നു സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരിൽനിന്ന് പിടിച്ചെടുത്ത ബാഗേജ് സൂക്ഷിക്കാൻ ഉത്തരവാദിത്വമുണ്ടായിരുന്നത് ഈ ഉദ്യോഗസ്ഥർക്കായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുക മാത്രമല്ല അപ്രത്യക്ഷമായ സ്വർണം കണ്ടെത്താൻ ഇവർ ശ്രമം നടത്തിയതുമില്ലെന്നും സിബിഐ ആരോപിച്ചു.