പ്രഹരശേഷി കൂട്ടാൻ ഇന്ത്യക്ക് കൂറ്റൻ സായുധ ഡ്രോണുകൾ
Friday, October 30, 2020 1:06 AM IST
ന്യൂഡൽഹി: പ്രഹരശേഷി കൂട്ടാൻ ഇന്ത്യക്ക് ഇനി സൈനിക വിമാനങ്ങളുടെ വലിപ്പമുള്ള ദീർഘദൂര സായുധ ഡ്രോണുകൾ. ആകെ 21,000 കോടി രൂപ (മൂന്നു ബില്യണ് ഡോളർ) ചെലവിൽ ഉഗ്രപ്രഹര ശേഷിയുള്ള 30 ‘ഹണ്ടർ- കില്ലർ’ സീ ഗാർഡിയൻ, എംക്യു-9 റീപ്പർ എന്നീ അത്യാധുനിക സായുധ ഡ്രോണുകൾ (അണ്മാൻഡ് ഏരിയൽ വെഹിക്കിൾ) സ്വന്തമാക്കാനാണു പദ്ധതി. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇതിൽ ആറ് ആളില്ലാ വിമാനങ്ങൾ അമേരിക്കയിൽ നിന്നു വാങ്ങാനാണു തീരുമാനം.
പ്രിഡേറ്റർ-ബി എന്നു പേരുള്ള 800 കിലോമീറ്റർ വേഗപരിധിയുള്ള ഡ്രോണുകൾക്ക് നാല് ഹെൽ ഫയർ മിസൈലുകളും രണ്ടു ഭാരമേറിയ ലേസർ മിസൈലുകളും വഹിക്കാനുള്ള ശേഷിയുണ്ട്. ചൈനയുടെ വിംഗ്ലൂംഗ് ഡ്രോണുകൾക്ക് ആയിരം കിലോയോളം ബോംബ് വഹിക്കാനേ ശേഷിയുള്ളൂ.
ഒരു യുദ്ധവിമാനത്തോളം വില വരുന്ന പ്രിഡേറ്റർ- ബി ആളില്ലാ വിമാനം വാങ്ങുന്നതിലൂടെ വലിയ യുദ്ധവിമാനങ്ങൾ അത്രയും കുറച്ചു മാത്രം വായുസേനയ്ക്ക് ഉപയോഗിച്ചാൽ മതിയാകും. ചൈനീസ് നിർമിത ഡ്രോണുകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം ഇതിലൂടെ ഇന്ത്യക്കു തുറന്നുകിട്ടുകയാണ്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ഇന്ത്യയുമായി രണ്ടു കരാറുകളിൽ ഒപ്പുവച്ചതോടെ സായുധ ഡ്രോണുകൾ വാങ്ങുന്നതിനുള്ള തടസങ്ങൾ നീങ്ങി. ദി കമ്യൂണിക്കേഷൻസ്- കംപാറ്റബിലിറ്റി ആൻഡ് സെക്യൂരിറ്റി അറേഞ്ച്മെന്റ് (സിഒഎംസിഎഎസ്എ) കരാറനുസരിച്ച് അതീവസുരക്ഷയും ഉഗ്ര പ്രഹരശേഷിയുമുള്ള സൈനിക സംവിധാനങ്ങൾ ഇന്ത്യക്ക് പ്രാപ്യമാകും.
സഹകരണത്തിനും കൈമാറ്റത്തിനുമുള്ള അടിസ്ഥാന കരാർ (ദി ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്- ബിഇസിഎ) ശത്രുരാജ്യങ്ങളിലെ കൃത്യമായ ലക്ഷ്യത്തിൽ പ്രഹരം നടത്താനാകുന്ന അതീവരഹസ്യ ഉപഗ്രഹ ഡേറ്റകൾ അടക്കമുള്ളവയും ഇന്ത്യക്കു ലഭ്യമാകും.
ജോർജ് കള്ളിവയലിൽ