കുൽഗാം ആക്രമണം: ഭീകരർ എത്തിയ വാഹനം തിരിച്ചറിഞ്ഞു
Saturday, October 31, 2020 2:06 AM IST
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ മൂന്നു ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ ഭീകരർ എത്തിയ വാഹനം തിരിച്ചറിഞ്ഞതായി ശ്രീനഗർ പോലീസ്.
പ്രദേശവാസിയായ അൾതാഫിന്റെ കാറിലാണ് ഭീകരരെത്തിയത്. വെടിയുതിർത്തശേഷം അച്ബാലിലേക്ക് ഇവർ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഭീകരരുടെ വാഹനം പോലീസ് കണ്ടെത്തിയത്. ലഷ്കർ ഭീകരരായ അൾതാഫ്, നിസാർ, അബ്ബാസ് എന്നിവരെക്കൂടാതെ പാക് പൗരനും ഇവർക്കൊപ്പമുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ആക്രമണം ആസൂത്രിതമാണെന്നും പാക്കിസ്ഥാനാണ് ഇതിനു പിന്നിലെന്നും ഐജി വിജയ് കുമാർ പറഞ്ഞു.
ഫിദ ഹുസൈൻ, ഉമർ ഹജാം, ഉമർ റഷീദ് ബേഗ് എന്നിവരാണു വൈ കെ പോറ പ്രദേശത്തു വെടിയേറ്റു മരിച്ചത്. ലഷ്കർ ഭീകരരുടെ കാഷ്മീർ താഴ്വരയിലെ ദ റസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.