പുൽവാമ: ബിജെപിക്കെതിരേ തിരിച്ചടിച്ച് തരൂർ
Sunday, November 1, 2020 12:33 AM IST
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിക്കേണ്ടി വന്ന സൈനികരെ കേന്ദ്രസർക്കാർ സംരക്ഷിക്കുമെന്നു കരുതിയതിനാണോ കോണ്ഗ്രസ് മാപ്പു പറയേണ്ടതെന്ന് ശശി തരൂർ എംപി. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിമർശനങ്ങൾക്ക് കോണ്ഗ്രസ് മാപ്പു പറയണമെന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്ഡേക്കറുടെ ആവശ്യത്തെ പരിഹസിക്കുകയായിരുന്നു തരൂർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ പുൽവാമ സംഭവത്തെ ചർച്ചയാക്കിയതോടെ ബിജെപി, കോണ്ഗ്രസ് വാക്പോര് മുറുകി. നാൽപതു സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ പുൽവാമ ഭീകരാക്രമണം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭരണനേട്ടമാണെന്നു മന്ത്രി ഫവാദ് ചൗധരി പാക് പാർലമെന്റിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പിന്നാലെയാണ് ഇന്ത്യയിൽ രാഷ്ട്രീയ മുതലെടുപ്പിനു പോരു മുറുകിയത്.
എന്തു കാര്യത്തിൽ കോണ്ഗ്രസ് മാപ്പു പറയണമെന്നു കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്. നമ്മുടെ സൈനികരെ കേന്ദ്രസർക്കാർ സംരക്ഷിക്കുമെന്നു പ്രതീക്ഷിച്ചതിനോ? ദേശീയ ദുരന്തത്തിൽ രാഷ്ട്രീയം കലർത്താതെ ദേശീയ പതാകയ്ക്കു ചുറ്റും അണിനിരന്നതിനോ? നമ്മുടെ രക്തസാക്ഷികളുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയതിനോ?- ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ തരൂർ ചോദിച്ചു.
ജോർജ് കള്ളിവയലിൽ