സിദ്ദിഖ് കാപ്പനെ സന്ദർശിക്കാൻ അഭിഭാഷകന് അനുമതി
Saturday, November 21, 2020 12:43 AM IST
ന്യൂഡൽഹി: ഹത്രാസിൽ റിപ്പോർട്ടിംഗിനു പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ സന്ദർശിക്കാൻ അഭിഭാഷകന് അനുമതി. ഉത്തർപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കാപ്പനെ അഭിഭാഷകൻ കാണുന്നതിൽ എതിർപ്പില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത്.
അതേസമയം, സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയാണെന്ന് ആരോപിച്ച യുപി സർക്കാർ, മാധ്യമ പ്രവർത്തകന്റെ മേലങ്കിയണിഞ്ഞ് സംസ്ഥാനത്തെ ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണു ശ്രമിച്ചതെന്നു കുറ്റപ്പെടുത്തി.