ലിംഗായത്തുകളെ ഒബിസിയിൽ ഉൾപ്പെടുത്താനുള്ള യെദിയൂരപ്പയുടെ നീക്കം ബിജെപി നേതൃത്വം തടഞ്ഞു
Saturday, November 28, 2020 12:19 AM IST
ബംഗളൂരു: കർണാടകയിലെ പ്രബല സമുദായമായ വീരശൈവ-ലിംഗായത്ത് ഒബിസിയിൽ ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നീക്കം ബിജെപി കേന്ദ്ര നേതൃത്വം അവസാനനിമിഷം തടഞ്ഞു. മന്ത്രിസഭയിലും ഇക്കാര്യത്തിൽ ഭിന്നതയുണ്ടായിരുന്നു.
ഇന്നലെത്തെ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ലിംഗായത്ത് സംവരണം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മറ്റു സമുദായങ്ങളും ഈ ആവശ്യമുന്നയിച്ച് രംഗത്തുവരാൻ സാധ്യതയുണ്ടെന്നു ചില മന്ത്രിമാർ നിലപാടെടുത്തതോടെ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നും.
ലിംഗായത്ത് സംവരണ വിഷയം ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് യെദിയൂരപ്പ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇദ്ദേഹവും ലിംഗായത്ത് സമുദായക്കാരനാണ്.
വടക്കൻ കർണാടകയിൽ നിർണായക സ്വാധീനമുള്ള ലിംഗായത്തുകൾ ബിജെപിയുടെ വോട്ട് ബാങ്കാണ്. കർണാടകയിലെ ജനസംഖ്യയിൽ 16 ശതമാനം വരുന്ന ലിംഗായത്തുകൾക്കു 90 നിയമസഭാ മണ്ഡലങ്ങളിലെ ഫലത്തെ സ്വാധീനിക്കാനാകും. ഒബിസിയിൽ ഉൾപ്പെടുത്തണമെന്നു 1994 മുതൽ വീരശൈവ-ലിംഗായത്ത് വിഭാഗം ആവശ്യപ്പെടുന്നു.
നിലവിൽ കാറ്റഗറിബിയിൽ ഉൾപ്പെടുത്തി അഞ്ചു ശതമാനം സംവരണമാണ് വീരശൈവ-ലിംഗായത്ത് വിഭാഗത്തിനു ലഭിക്കുന്നത്.