മെഹ്ബൂബയുടെ വസതിയിലെ പത്രസമ്മേളനം വിലക്കി
Saturday, November 28, 2020 12:20 AM IST
ശ്രീനഗർ: കാഷ്മീരിൽ മുൻമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം പോലീസ് നിഷേധിച്ചു.
അതേസമയം, പത്രസമ്മേളനം നടത്താനുള്ള മെഹ്ബൂബയുടെ നീക്കം പോലീസ് തടയുകയും ചെയ്തു. ഇതേത്തുടർന്ന് കാഷ്മീർ ഒരു തുറന്ന ജയിലാണെന്നും ഒരാൾക്കും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും മെഹ്ബൂബ ട്വിറ്ററിലൂടെ ആരോപിച്ചു.
ഭീകരബന്ധം ആരോപിച്ച് കഴിഞ്ഞദിവസം എൻഐഎ അറസ്റ്റ്ചെയ്ത പിഡിപി നേതാവ് വഹീദ് പാറയുടെ വസതി സന്ദർശിക്കാനുള്ള നീക്കം പോലീസ് തടഞ്ഞതാണ് മെഹ്ബൂബയെ ചൊടിപ്പിച്ചത്. ഇന്നലെ രാവിലെ ശ്രീനഗറിലെ തന്റെ വസതിയിൽ പത്രസമ്മേളനം നടത്താൻ മെഹ്ബൂബ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു.
വീട്ടുതടങ്കൽ സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആർക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും ട്വിറ്ററിൽ കുറ്റപ്പെടുത്തുകയായിരുന്നു.