സ്വാതന്ത്ര്യം ചിലർക്കു മാത്രമുള്ള സമ്മാനമല്ലെന്നു സുപ്രീംകോടതി
Saturday, November 28, 2020 12:51 AM IST
ന്യൂഡൽഹി: ചിലരെ പീഡിപ്പിക്കാനുള്ള ആയുധമായി ക്രിമിനൽ നിയമങ്ങൾ മാറുന്നില്ലെന്ന് കോടതികൾ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. സ്വാതന്ത്ര്യം എന്നത് ചിലർക്കു മാത്രം കിട്ടുന്ന സമ്മാനമല്ല. ഒരു ദിവസം സ്വാതന്ത്ര്യം നിഷേധിക്കുന്നതു പോലും പല ദിവസങ്ങളിലെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനു തുല്യമാണെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതു പോലെ ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതും ജില്ലാ കോടതികൾ മുതൽ സുപ്രീംകോടതി വരെയുള്ളവയുടെ ചുമതലയാണ്. ചുമത്തപ്പെട്ട ആരോപണത്തിന്റെ സ്വഭാവം, ലഭിക്കാവുന്ന ശിക്ഷ എന്നിവ ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ഹൈക്കോടതി പരിഗണിക്കണം. തെളിവുകൾ നശിപ്പിക്കാനോ പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാഹചര്യമുണ്ടോയെന്നതും പരിശോധിക്കണം. പ്രാഥമികമായി കുറ്റം നിലനിൽക്കുമോയെന്നും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും ജാമ്യാപേക്ഷയിൽ പരിഗണിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ വിശദമാക്കുന്നു.
നവംബർ 11ന് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും വിശദമായ ഉത്തരവ് ഇന്നലെയാണ് സുപ്രീംകോടതി പുറത്തിറക്കിയത്. അർണബ് ഗോസ്വാമിക്കെതിരെ ചുമത്തിയിരിക്കുന്ന ആത്മഹത്യാ പ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളില്ലാത്തതിനാൽ തള്ളിക്കളയാവുന്നതാണ്. ഇക്കാര്യം പരിശോധിക്കുന്നതിൽ മുംബൈ ഹൈക്കോടതിക്കു പിഴവ് പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത് റദ്ദാക്കിയതിനെതിരേ അർണബ് ഗോസ്വാമി നൽകിയ കേസിൽ ഹൈക്കോടതി തീരുമാനമെടുത്ത് ഒരു മാസം വരെ ജാമ്യം തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.