ഫാ. സ്റ്റാൻ സ്വാമി: ആരോപണം ശരിയല്ലെന്ന് എൻഐഎ
Monday, November 30, 2020 12:42 AM IST
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിയുടെ, ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയും സിപ്പറും പിടിച്ചെടുത്തുവെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) വക്താവ് അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്. പാർക്കിൻസൺസ് രോഗമുള്ള എൺപത്തിമൂന്നുകാരനായ ഫാദർ ജയിലിലെത്തി രണ്ടാംദിനം മുതൽ സിപ്പറും മറ്റു സൗകര്യങ്ങളും നല്കിയതായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന നവിംമുബൈയിലെ തലോജ ജയിൽ അധികൃതർ പറഞ്ഞതായി മറ്റൊരു റിപ്പോർട്ടിലും പിടിഐ അറിയിച്ചു.
വിറയലുള്ളതുകാരണം ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലെന്നും അറസ്റ്റ് ചെയ്തപ്പോൾ എൻഐഎ സ്ട്രോയും സിപ്പറും പിടിച്ചെടുത്തെന്നും അവ മടക്കിനല്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫാ. സ്റ്റാൻസ്വാമി എൻഐഎ കോടതിയിൽ ഹർജി നല്കിയിരുന്നു. എന്നാൽ ഇവ പിടിച്ചെടുത്തിട്ടില്ലെന്ന് എൻഐഎ വ്യാഴാഴ്ച കോടതിയിൽ മറുപടി നല്കി.
ഇതിനിടെ, ഡൽഹിയിലെ ഒരുകൂട്ടം അഭിഭാഷകർ ഇന്നലെ ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ട സ്ട്രോയും സിപ്പറും ജയിലിലേക്ക് പാഴ്സലായി അയച്ചു നല്കി. ഒക്ടോബർ എട്ടിനാണ് ഫാ. സ്റ്റാൻ സ്വാമിയെ റാഞ്ചിയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്.