പ്രശാന്ത് ഭൂഷണിനെതിരേ കോടതിയലക്ഷ്യ നടപടികൾ വേണ്ടെന്നു അറ്റോർണി ജനറൽ
Monday, November 30, 2020 12:42 AM IST
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെ വിമർശിച്ച് ട്വീറ്റ് ചെയ്ത വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ തള്ളി.
വിമർശനം ഉന്നയിച്ചതിൽ പ്രശാന്ത് ഭൂഷണ് മാപ്പ് പറഞ്ഞിട്ടുണ്ടെ ന്നു ചൂണ്ടിക്കാട്ടിയാണ് അറ്റോർണി ജനറലിന്റെ നടപടി. അതേസമയം, പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് അനുചിതവും അസംബന്ധവുമാണെന്നും അറ്റോർണി ജനറൽ നൽകിയ മറുപടി കത്തിൽ വ്യക്തമാക്കി.
മധ്യപ്രദേശ് സർക്കാർ നൽകിയ ഹെലികോപ്റ്റർ ചീഫ് ജസ്റ്റീസ് ഉപയോഗിച്ച് കൻഹ പാർക്ക് സന്ദർശിച്ചതിനെതിരേയാണു പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തത്. ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്നു രാജിവെച്ച എംഎൽഎമാരുടെ കേസ് പരിഗണിക്കുന്നതിനിടെ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ ഒൗദാര്യം സ്വീകരിച്ചത് അനുചിതമായ നടപടിയാണെന്നും കോടതിയെ സ്വാധീനിച്ചതായി വ്യാഖ്യാനിക്കപ്പെടാമെന്നും ട്വീറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനുപിന്നാലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രശാന്ത് ഭൂഷണ് തന്റെ ട്വീറ്റിൽ മാപ്പപേക്ഷ നടത്തി മറ്റൊരു ട്വീറ്റും ചെയ്തിരുന്നു.