കർഷക സമരത്തെ പിന്തുണച്ച കനേഡിയൻ പ്രധാനമന്ത്രിയെ തള്ളി ഇന്ത്യ
Wednesday, December 2, 2020 12:54 AM IST
ന്യൂഡൽഹി: തലസ്ഥാന അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് സംസാരിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാർ. ഗുരുനാനാക്ക് ജയന്തിയിൽ സിക്ക് സമൂഹത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസ്താവനയിലാണ് കർഷക സമരങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞത്.
എന്നാൽ, ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറമേ നിന്നുള്ള ഇടപെടലുകൾ വേണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിഷേധിച്ചു.
കർഷകരുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് കാനഡയിലെ നേതാക്കൾ പ്രതികരിച്ചതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.