പോലീസ് സ്റ്റേഷനിലും ലോക്കപ്പിലും സിസിടിവി നിർബന്ധം: സുപ്രീംകോടതി
Thursday, December 3, 2020 1:20 AM IST
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മറ്റ് അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും നൈറ്റ് വിഷനും ഓഡിയോ റിക്കാർഡിംഗുമുള്ള സിസിടിവി കാമറകൾ സ്ഥാപിക്കണമന്ന് സുപ്രീംകോടതി.
സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഓഫീസുകളിലും ഇവ സ്ഥാപിക്കണം. പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും ലോക്കപ്പുകളിലും സ്റ്റേഷന്റെ പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വഴികളിലും കാമറകൾ സ്ഥാപിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചു. ആറുമാസത്തിനകം നിർദേശങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് സംസ്ഥാനങ്ങൾ സമർപ്പിക്കണം.
കാമറകളിൽ പതിയുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും 18 മാസത്തേക്ക് തെളിവുകളായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.