രജനീകാന്തിന്റെ പാർട്ടി ജനുവരിയിൽ
Friday, December 4, 2020 12:05 AM IST
ചെന്നൈ: അഭ്യൂഹങ്ങൾക്കു വിരാമം, തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ജനുവരിയിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. ജനക്ഷേമത്തിനായി ആത്മീയതയിൽ ഊന്നിയ രാഷ്ട്രീയ പാർട്ടിയായിരിക്കും പ്രഖ്യാപിക്കുകയെന്ന് എഴുപതുകാരനായ താരം വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മീയ രാഷ്ട്രീയത്തിന്റെ ഉത്ഭവം തീർച്ചയായുമുണ്ടാകും. ഒരു അദ്ഭുതം സംഭവിക്കും- രജനീകാന്ത് ട്വീറ്റ് ചെയ്തു. 2021 ഏപ്രിൽ-മേയ് മാസത്തിലാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെ സംബന്ധിച്ച പ്രഖ്യാപനം ഡിസംബർ 31ന് നടത്തുമെന്നും താരം ട്വീറ്റ് ചെയ്തു. കഴിഞ്ഞമാസം 30ന് ആരാധക സംഘടനയായ രജനി മക്കൾ മൺട്രം നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രജനീകാന്ത് എന്ത് തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്ന് ആരാധകർ വ്യക്തമാക്കിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്നും 2021ന് നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും 2017 ഡിസംബർ 31 ന് പറഞ്ഞിരുന്നതായി താരം അദ്ദേഹത്തിന്റെ വസതിയായ പോയ്സ് ഗാർഡനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2016 ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നതിനാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ഡോക്ടർമാർ വിലക്കി. ഇപ്പോൾ കോവിഡ്-19 മഹാമാരിയും ഇതു വൈകിപ്പിച്ചതായും താരം പറഞ്ഞു.
സിംഗപ്പൂരിൽ ചികിത്സയിലായിരുന്നപ്പോൾ, തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രാർഥനയാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ജനങ്ങൾക്കു വേണ്ടി എന്റെ ജീവിതം നഷ്ടപ്പെട്ടാലും എന്റെയത്ര സന്തോഷിക്കുന്ന മറ്റൊരാൾ ഉണ്ടാവില്ല. ഞാനെന്റെ വാക്ക് പാലിക്കും. ഒരു രാഷ്ട്രീയ മാറ്റം അത്യാവശ്യമാണ്- രജനീകാന്ത് പറഞ്ഞു. മുൻ കോൺഗ്രസ് നേതാവും ഗാന്ധിയ മക്കൾ ഇയക്കം അധ്യക്ഷനുമായ തമിഴരുവി മണിയൻ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.