മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പ്; ബിജെപിക്കു തിരിച്ചടി, അഞ്ചിൽ നാലു സീറ്റും ഭരണസഖ്യത്തിന്
Saturday, December 5, 2020 1:45 AM IST
മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. അഞ്ചിൽ നാലു സീറ്റും ഭരണമുന്നണിയായ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം നേടി. ഗ്രാജ്വേറ്റുകളുടെയും അധ്യാപകരുടെയും ക്വോട്ടയിലുള്ള സീറ്റുകളിലാണ് തെരഞ്ഞെടുപ്പു നടന്നത്.
58 വർഷമായി കൈവശമുണ്ടായിരുന്ന നാഗ്പുർ സീറ്റ് നഷ്ടമായതാണ് ബിജെപിക്കു കനത്ത തിരിച്ചടിയായത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അഭിജിത് വൻജാരി വിജയിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിരവധി വർഷം പ്രതിനിധീകരിച്ചിട്ടുള്ള സീറ്റാണിത്. ഔറംഗാബാദ്, പൂന ഗ്രാജ്വേറ്റ്സ് സീറ്റുകളിൽ എൻസിപിയും പൂന ടീച്ചേഴ്സ് സീറ്റിൽ കോൺഗ്രസും വിജയിച്ചു.
അമരാവതി ടീച്ചേഴ്സ് സീറ്റിൽ സ്വതന്ത്രൻ ആണു വിജയിച്ചത്. ശിവസേന സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. ധുലെ-നന്ദുർബാർ തദ്ദേശസ്ഥാപന മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മാത്രമാണ് ബിജെപിക്ക് ആശ്വാസജയമുണ്ടായത്. 78 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ 22 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി, ശിവസേന-14, എൻസിപി-9, കോൺഗ്രസ്-8, ആർഎസ്പി-1, പിഡബ്ല്യുപി-1, ലോക് ഭാരതി പാർട്ടി-1, സ്വതന്ത്രർ-4 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ പ്രാതിനിധ്യം. 18 സീറ്റുകൾ ഒഴിവാണ്. ഇതിൽ 12 എണ്ണം ഗവർണറുടെ ക്വോട്ടയാണ്.