ആഴ്ചകൾക്കുള്ളിൽ കോവിഡ് വാക്സിൻ: പ്രധാനമന്ത്രി
Saturday, December 5, 2020 1:45 AM IST
ന്യൂഡൽഹി: കോവിഡിനെതിരായ വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിനായി തയാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനുവേണ്ടിയാണ് ലോകം കാത്തിരിക്കുന്നത്. വാക്സിന്റെ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടക്കുകയാണെന്നും പ്രധാനമന്ത്രി സർവകക്ഷി യോഗത്തെ അറിയിച്ചു.
പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും രണ്ടു കോടി മുൻനിര പോരാളികൾക്കുമാണ് കോവിഡ് വാക്സിൻ ആദ്യം നൽകുകയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് യോഗത്തിൽ പറഞ്ഞു.
രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാനായി രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ചു പ്രവർത്തിക്കും. വാക്സിന്റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ച തുടരുകയാണെന്നും മോദി അറിയിച്ചു.
വാക്സിൻ ഒരു ഡോസിന് 730 രൂപ മുതൽ 2,555 രൂപ വിലയാകും. ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ വാക്സിനായിരിക്കും ലഭ്യമാക്കുകയെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. എന്നാൽ, രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനു ഒരു റോഡ്മാപ്പും സർക്കാർ തയാറാക്കിയിട്ടില്ലെന്നു കുറ്റപ്പെടുത്തി കോണ്ഗ്രസ് രംഗത്തെത്തി.