തീവ്രവാദ ബന്ധം: പിഡിപി യൂത്ത് വിംഗ് നേതാവ് വീണ്ടും അറസ്റ്റിൽ
Tuesday, January 12, 2021 12:44 AM IST
ശ്രീനഗർ: തീവ്രവാദ ബന്ധം ആരോപിച്ച് പിഡിപി യുവജന സംഘടനാ നേതാവിനെ ജമ്മു കാഷ്മീർ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. യൂത്ത് വിംഗ് അധ്യക്ഷൻ വഹീദ് പാറയാണ് അറസ്റ്റിലായത്. വഹീദിനെ കോടതി 18 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഹിസ്ബുൾ മുജാഹിദീൻ ഭീകരരുമായി ബന്ധമുണ്ടെന്നാരോപിച്ച് നവംബർ 25നാണ് വഹിദിനെ എൻഐഎ അറസ്റ്റ് ചെയ്തത്. പിന്നീട് ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ കോടതി വഹീദിനു ജാമ്യം അനുവദിച്ചു. ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങിയ ഉടൻ കാഷ്മീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ വഹീദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്തു കുറ്റമാണ് വഹീദ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയണമെന്നു പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
വഹീദിന്റെ അറസ്റ്റിൽ ലഫ്.ഗവർണർ മനോജ് സിൻഹ അടിയന്തരമായി ഇടപെടണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.