പക്ഷിപ്പനി: രാജ്യം കനത്ത ജാഗ്രതയിൽ
Tuesday, January 12, 2021 12:44 AM IST
ന്യൂഡൽഹി: രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യം കനത്ത ജാഗ്രതയിൽ. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചത്ത പക്ഷികളുടെ പരിശോധനാ ഫലം വന്നതോടുകൂടിയാണ് പത്തു സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഹരിയാനയിലാണ് ഏറ്റവും കൂടുതൽ പക്ഷികൾ ചത്തത്. എല്ലാ വിഭാഗങ്ങളിലുമായി നാലു ലക്ഷം പക്ഷികളാണ് ഹരിയായിൽ ഇതുവരെ രോഗം ബാധിച്ചു ചത്തത്. ഡൽഹിയിൽ പക്ഷിപ്പനി മൂലം ഇതുവരെ 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണു വിലയിരുത്തൽ. ജമ്മു കാഷ്മീർ, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ കടുത്ത ജാഗ്രതയിലാണ്.
സ്ഥിതി രൂക്ഷമായതോടെ കാർഷിക കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതി കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് അധികൃതരെ വിളിച്ചു വരുത്തി വിശദീകരണം തേടി. മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള വാക്സിനുകളുടെ ലഭ്യത ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് വിശദീകരണം ആരാഞ്ഞത്. പക്ഷികളിൽ നിന്നു മനുഷ്യരിലേക്ക് രോഗം പകരാനുള്ള ഒരു സാധ്യതയുമില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി. ചിക്കൻ ഉൾപ്പടെയുള്ള മാംസം ശരിയായി പാകം ചെയ്തു മാത്രമേ ഭക്ഷിക്കാവൂ മന്ത്രി ചൂണ്ടിക്കാട്ടി.
വളർത്തുപക്ഷികൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതി ഡൽഹിയിൽ നിരോധിച്ചിരിക്കുകയാണ്. വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയും ഇതിനോടകം 2.5 കോടി രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു എന്നാണ് ഗാസിപ്പൂർ മൊത്തവ്യാപാര പോൾട്രി മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് മൊഹമ്മദ് സലീം പറഞ്ഞത്. കേന്ദ്ര നിർദേശങ്ങൾ കർശനമായി പാലിച്ചിരുന്നു എങ്കിൽ ഡൽഹിയിൽ സ്ഥിതി ഇത്രത്തോളം വഷളാകുമായിരുന്നില്ല എന്നാണ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞത്.
മഹാരാഷ്ട്രയിലെ പർഭാനിയിൽ രണ്ടു ദിവസത്തിനുള്ളിൽ ഇറച്ചിക്കോഴികൾ ഉൾപ്പെടെ എണ്ണൂറിലേറെ പക്ഷികളാണു ചത്തത്. മുംബൈ യിൽ കാക്കകളിലും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ നാലു ലക്ഷത്തോളം പക്ഷികളാണ് ചത്തത്. ഹിമാചൽ പ്രദേശിലും പോൾട്രി ഫാമുകളിൽ കോഴികൾക്കും താറാവുകൾക്കും പക്ഷിപ്പനി കണ്ടെത്തി.