കർഷകസമരത്തിൽ ഖാലിസ്ഥാൻ വാദികളുമുണ്ടെന്നു കേന്ദ്രം
Wednesday, January 13, 2021 12:21 AM IST
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരിൽ നിരോധിത സംഘടനയായ ഖാലിസ്ഥാൻ വാദികളുമുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സമരക്കാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയവർ ഈ വാദം ഉന്നയിച്ചപ്പോഴാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇക്കാര്യം പറഞ്ഞ് രംഗത്തെത്തിയത്. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, ഇതു സംബന്ധിച്ച വ്യക്തമായ റിപ്പോർട്ടുകൾ ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി.
അതിനിടെ, റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി കർഷകർ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയണമെന്ന അപേക്ഷയിൽ ഡൽഹി പോലീസിനു നോട്ടീസ് അയയ്ക്കാനും കോടതി നിർദേശിച്ചു.
ഈ വിഷയത്തിൽ അടുത്ത തിങ്കളാഴ്ച വാദം കേൾക്കുമെന്നു ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് അറിയിച്ചു.