വാക്സിൻ കുത്തിവയ്പ് ശനിയാഴ്ച തുടങ്ങും
Thursday, January 14, 2021 12:44 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കോവിഡ് വാക്സിനേഷനു തുടക്കം കുറിക്കുക. വാക്സിൻ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങൾക്കുമായി രൂപം നൽകിയ കോ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ അടക്കം മൂന്നു കോടി മുൻനിര പോരാളികൾക്ക് വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനം. ഇതിന് 1,300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന്റെ ആറു കോടി ഡോസിനാണ് കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുള്ളത്. രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്കാണ് നിലവിൽ അംഗീകാരം. ഭാരത് ബയോടെകിന്റെ കോവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും. രണ്ടാംഘട്ടത്തിൽ 27 കോടി ജനങ്ങൾക്ക് വാക്സിൻ നൽകും.