അയോധ്യ ക്ഷേത്രത്തിന് രാഷ്ട്രപതി അഞ്ചു ലക്ഷം സംഭാവന നൽകി
Saturday, January 16, 2021 1:23 AM IST
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. ക്ഷേത്ര നിർമാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി സംഭാവന നൽകിയത്.
ക്ഷേത്ര നിർമാണത്തിനു നേതൃത്വം നൽകുന്ന രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സന്ദർശിച്ചാണ് തുക കൈപ്പറ്റിയത്. രാജ്യത്തിന്റെ പ്രഥമപൗരനായ രാഷ്ട്രപതി തന്നെ ധനസമാഹരണത്തിനു തുടക്കം കുറിച്ചെന്നും അദ്ദേഹം 5,00,100 രൂപ സംഭാവന നൽകിയെന്നും സംഘത്തിലുണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ പറഞ്ഞു.