ഡൽഹി സമരവേദിയിൽ കേരളത്തിൽ നിന്നുള്ള കർഷകരും
Sunday, January 17, 2021 12:23 AM IST
ന്യൂഡൽഹി: കർഷകപ്രക്ഷോഭം നടക്കുന്ന ഡൽഹി അതിർത്തിയിൽ സമരവുമായി കേരളത്തിൽനിന്നുള്ള കർഷകരും. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പ്രവർത്തകരാണ് ഇന്നലെ ഡൽഹി- ജയ്പുർ ദേശീയപാതയിലെ ഷാജഹാൻപൂരിൽ സമരം ആരംഭിച്ചത്. കർഷകസംഘം ദേശീയ ജോയിന്റ് സെക്രട്ടറി കെ.കെ. രാഗേഷ് എംപി, സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിവിധ സംസ്ഥാനങ്ങളിലൂടെ മാർച്ചായാണ് ഡൽഹി അതിർത്തിയിലെത്തിയത്.
കർഷകസംഘം ദേശീയ വൈസ് പ്രസിഡന്റ് അമ്ര റാം, കിസാൻസഭാ നേതാക്കളായ കൃഷ്ണപ്രസാദ്, വിജു കൃഷ്ണൻ തുടങ്ങിയവർ ചേർന്ന് കേരള സംഘത്തെ സ്വീകരിച്ചു.
രണ്ടു ബാച്ചുകളിലായി ആയിരത്തോളം കർഷകരെ ഡൽഹിയിലെത്തിക്കാനാണ് കർഷകസംഘത്തിന്റെ തീരുമാനം. ഇതിൽ ആദ്യ സംഘമാണ് വെള്ളിയാഴ്ച എത്തിയത്. രണ്ടാമത്തെ സംഘം അടുത്ത വ്യാഴാഴ്ചയോടെ പുറപ്പെടും.
സമരം നീണ്ടാൽ കേരളത്തിൽ നിന്നു കൂടുതൽ കർഷകർ ഡൽഹിയിലെത്തുമെന്നും നേതാക്കൾ അറിയിച്ചു.