കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നാളെ ഡല്‍ഹിയില്‍
Sunday, January 17, 2021 12:23 AM IST
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാന്‍ഡിന്റെ നിര്‍ണായക ചര്‍ച്ചകള്‍ നാളെ ഡല്‍ഹിയില്‍. രണ്ടു ദിവസത്തെ ഡല്‍ഹി ചര്‍ച്ചകളുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നിരീക്ഷകരായി നിയമിച്ച മുതിര്‍ന്ന നേതാക്കളായ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലീറോ, കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തിലെത്തും.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്നലെ എഐസിസി ആസ്ഥാനത്തു ചര്‍ച്ച നടത്തി. കേരളത്തിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായും ക്രൈസ്തവസഭാ മേലധ്യക്ഷന്മാര് അടക്കമുള്ള സമുദായ നേതാക്കളുമായി താരീഖ് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുമായും ഇവര്‍ ഫോണില്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേരളത്തിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെ രണ്ടുദിവസത്തെ നിര്‍ണായക ചര്‍ച്ചകള്‍ക്കായി നാളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കമാന്‍ഡില്‍ ഇന്നലെ തെരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്.
സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി ആവശ്യമാണെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അതൊഴിവാക്കാന് നിര്‍ബന്ധിതമാകും. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ജില്ലകളിലെ ഡിസിസി നേതൃത്വത്തില്‍ മാറ്റം അനിവാര്യമാണെന്നാണു ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരള നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകളിലെ തീരുമാനങ്ങളാകും എഐസിസി നിരീക്ഷകര്‍ 22, 23 തീയതികളില്‍ കേരളത്തിലെത്തി സംസ്ഥാനത്തെ മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്യുക. ദേശീയ നേതാക്കളുടെ കേരള സന്ദര്‍ശനത്തിനു ശേഷമാകും യുഡിഎഫിലെയും കോണ്‍ഗ്രസിലെയും സീറ്റുവിഭജന, സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങുക. മുസ്ലിം ലീഗിന്റെയും ചില മുസ്ലിം ഗ്രൂപ്പുകളുടെയും യുഡിഎഫിലെ സ്വാധീനം കൂടുന്നതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുന്ന സാമുദായിക വിഭാഗങ്ങളെ കൂടെനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യും.
അടുത്ത മാസംതന്നെ യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്നും കഴിയുന്നത്ര സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയിലെത്തേണ്ടതുണ്ടെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. ഗ്രൂപ്പുകളുടെ വീതംവയ്പ് അനുവദിക്കില്ലെന്നു പറയുന്നുണ്ടെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് എ, ഐ ഗ്രൂപ്പുകള്‍ തയാറാകില്ല. ഇപ്പോഴത്തെ നിലയില്‍ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരെ അനുകൂലിക്കുന്നവരും ഈ ഗ്രൂപ്പുകളിലൊന്നും ഉള്‍പ്പെടാതെ നില്ക്കുന്നവരുമായ നേതാക്കളും വാശിപിടിച്ചാല്‍ ഹൈക്കമാന്‍ഡിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും.
ജോര്‍ജ് കള്ളിവയലില്‍