ഷാനവാസ് ഹുസൈൻ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക്
Monday, January 18, 2021 12:31 AM IST
പാറ്റ്ന: ബിജെപി ദേശീയ വക്താവും മുൻ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈൻ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ബിഹാറിൽ പ്രവർത്തിക്കാനാണു താത്പര്യമെന്നു ഹുസൈൻ പറഞ്ഞു.
മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി ഒഴിഞ്ഞ സീറ്റിലാണു ഷാനവാസ് ഹുസൈൻ മത്സരിക്കുക. ഭഗൽപുരിൽനിന്നു രണ്ടു തവണ അദ്ദേഹം ലോക്സഭാംഗമായിട്ടുണ്ട്.
ബിഹാറിൽ ഇത്തവണ എൻഡിഎ പക്ഷത്ത് മുസ്ലിംകളാരും വിജയിച്ചിരുന്നില്ല. ബിഹാറിൽ ബിജെപിയുടെ മുസ്ലിം മുഖം എന്ന നിലയിലാണ് ഹുസൈനെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിപ്പിക്കുന്നത്. ഇദ്ദേഹത്തെ മന്ത്രിയാക്കാൻ സാധ്യതയുണ്ട്.ബിഹാറിൽ ബിജെപിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും ബിഹാർ മന്ത്രിയുമായ മുകേഷ് സാഹ്നിയും പത്രിക സമർപ്പിച്ചു.