കോൺഗ്രസ് പത്തംഗ മേൽനോട്ട സമിതിയെ പ്രഖ്യാപിച്ചു
Wednesday, January 20, 2021 12:53 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ഉമ്മൻ ചാണ്ടി അധ്യക്ഷനായി പുതിയ പത്തംഗ മേൽനോട്ട സമിതിയെ കോൺഗ്രസ് പ്രഖ്യാപിച്ചു.
കേരളത്തിലെ പ്രത്യേക സ്ഥിതി പരിഗണിച്ചാണ് പുതിയ സമിതി രൂപീകരിച്ചത്. തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിൽ സമിതിക്ക് അംഗീകാരം നൽകിയിരുന്നു.
എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അംഗങ്ങളായുള്ള മേൽനോട്ട സമിതിയിൽ കെപിസിസിയുടെ മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ എംപി, വി.എം. സുധീരൻ എന്നിവരും വർക്കിംഗ് പ്രസിഡന്റുമാരും എംപിമാരുമായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവരും പ്രത്യേക പ്രതിനിധിയായി ഡോ. ശശി തരൂർ എംപിയും അംഗങ്ങളാണ്.