അർബുദ ചികിത്സാവിദഗ്ധ ഡോ. വി. ശാന്ത അന്തരിച്ചു
Wednesday, January 20, 2021 12:53 AM IST
ചെന്നൈ: അരനൂറ്റാണ്ടിലധികം അർബുദ ചികിത്സാരംഗത്ത് ആഗോളശ്രദ്ധ നേടിയ അർബുദരോഗ വിദഗ്ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണുമായിരുന്ന ഡോ. വി. ശാന്ത(93) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ വെളുപ്പിന് 3.35നായിരുന്നു അന്ത്യം. മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ബസന്ത്നഗർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഇന്ത്യയിൽ മെഡിസിൻ ബിരുദം നേടിയ ആദ്യ വനിതയായ ഡോ. മുത്തുലക്ഷ്മി റെഡ്ഢിയുടെ നേതൃത്വത്തിൽ കാൻസർ റിലീഫ് ഫണ്ട് എന്ന സംരംഭത്തിനു തുടക്കമിടുകയും 1954 ൽ ഇതു കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആയി വികസിപ്പിക്കുകയുമായിരുന്നു. 1955 ൽ ആശുപത്രിയുടെ റെഡിസന്റ് മെഡിക്കൽ ഓഫീസറായാണ് ഡോ. ശാന്ത സേവനം ആരംഭിച്ചത്. മുത്തുലക്ഷ്മി റെഡ്ഢിയുടെ മകൻ ഡോ.എസ്. കൃഷ്ണമൂർത്തിയും ഡോ. ശാന്തയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്തി വാനോളം ഉയർത്തി. കിടത്തിചികിത്സയ്ക്കായി 12 ബെഡ്ഡുകൾ മാത്രമുണ്ടായിരുന്ന ചെറിയ ഡിസ്പെൻസറിയെ വിപുലമായ സൗകര്യങ്ങളുള്ള ആശുപത്രിയാക്കി ഉയർത്തി. നൊബേൽ ജേതാക്കളായ സർ സി.വി. രാമന്റെയും സുബ്രഹ്മണ്യൻ ചന്ദ്രശേഖറിന്റെയും കുടുംബാംഗമായ ഡോ. ശാന്ത, 1949ൽ എംബിബിഎസ് പൂർത്തിയാക്കി. 1955ൽ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സിൽ എംഡി ബിരുദവും നേടി.
ദരിദ്രജനവിഭാഗങ്ങളുടെ അഭയകേന്ദ്രമാണ് ചെന്നൈ അഡയാറിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. ചികിത്സിക്കാൻ പണമില്ലാത്തവർക്ക് സാന്പത്തികസഹായം നല്കിവരുന്നത് ആശുപത്രിക്കു തുടക്കമിട്ട വിമൻസ് ഇന്ത്യൻ അസോസിയേഷൻ എന്ന ചാരിറ്റബിൾ സൈസൈറ്റിയാണ്. സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റുകൂടിയാണ് ഡോ. ശാന്ത. 2005വരെ ലോകാരോഗ്യസംഘടനയുടെ ഉപദേശക കമ്മിറ്റി അംഗമായിരുന്നു.
""ദരിദ്രരുടെ ആശ്രയമായിരുന്നു അഡയാറിലെ ആശുപത്രി. ആധുനിക ചികിത്സാസൗകര്യങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീർത്തി ഡോ. ശാന്തയുടെ പേരിൽ ഓർമിക്കപ്പെടും. 2018 ൽ ആശുപത്രി സന്ദർശിച്ചിരുന്നു. നിര്യാണ ത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു'': നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.