ബംഗാൾ മന്ത്രി രാജീബ് ബാനർജി രാജിവച്ചു, ബിജെപിയിലേക്കെന്നു സൂചന
Saturday, January 23, 2021 1:05 AM IST
കോൽക്കത്ത: പശ്ചിമബംഗാൾ വനംമന്ത്രി രാജീബ് ബാനർജി രാജിവച്ചു. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണു സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബാനർജിയുടെ രാജി തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി. ഇന്നലെ മുഖ്യമന്ത്രി മമത ബാനർജിക്കു രാജീബ് ബാനർജി കൈമാറിയ കത്തിൽ രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ദോംജുർ മണ്ഡലത്തെയാണു ബാനർജി പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ അഞ്ചു മന്ത്രിസഭാ യോഗങ്ങളിലും രാജീബ് ബാനർജി പങ്കെടുത്തിരുന്നില്ല.
പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് എംഎൽഎ ബൈശാലി ഡാൽമിയയെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി. ബല്ലി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണു ബൈശാലി.
തൃണമൂൽ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണു നടപടി.