പഞ്ചാബിൽ കർഷകനും മകനും ജീവനൊടുക്കി
Sunday, February 21, 2021 12:08 AM IST
ഹോഷിയാപുർ: പഞ്ചാബിലെ ഹോഷിയാപുരിൽ കടക്കെണിയിലായ കർഷകനും മകനും ജീവനൊടുക്കി. ഹോഷിയാപുരിലെ മുഹാദിപുർ നിവാസികളായ ജഗ്താർ സിംഗ് (70) മകൻ കൃപാൽ സിംഗ് (42) എന്നിവരെ ഇന്നലെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെത്തുടർന്ന് കടംവീട്ടാനാവില്ലെന്ന ഭീതിയുണ്ടെന്നു വസതിയിൽ നിന്നു കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് സിഎസ്പി മുനിഷ് കുമാർ പറഞ്ഞു. കർഷകരുടെ കടം എഴുതിത്തള്ളാമെന്ന വാഗ്ദാനം പഞ്ചാബ് സർക്കാർ പാലിക്കാത്തതും അറ്റകൈ പ്രയോഗത്തിനു കാരണമായെന്നു പറയുന്നു. ഇരുവർക്കുമായി ഒരേക്കർ സ്ഥലമാണ് ഉണ്ടായിരുന്നത്.
അതേസമയം, കർഷകർ ജീവനൊടുക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷമായ ശിരോമണി അകാലിദളും (എസ്എഡി) ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടു.