ടൂൾ കിറ്റ് കേസ്: ദിഷയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Tuesday, February 23, 2021 1:39 AM IST
ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ വീണ്ടും ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ ജുഡീഷൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ദിഷയെ ഇന്നലെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ദിഷയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്നു വിധി പറയും.
ടൂൾ കിറ്റ് കേസിൽ കുറ്റാരോപിതരായ നികിത ജേക്കബിനെയും ശാന്തനു മുലുകിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരോടൊപ്പം ചോദ്യം ചെയ്യുന്നതിന് അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടണമെന്നാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ വീണ്ടും അഞ്ചു ദിവസത്തേക്കുകൂടി പോലീസ് കസ്റ്റഡിയിൽ വിടാനാകില്ലെന്നു ദിഷയുടെ അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ വാദിച്ചു. വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടാൽ ദിശയുടെ ജാമ്യാപേക്ഷയെ അതു പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഇവരെ ഇന്നലെ ദ്വാരകയിലെ പോലീസ് സൈബർ സെൽ ആസ്ഥാനത്താണു ചോദ്യംചെയ്തത്.