എ. സന്പത്ത് രാജിവച്ചു
Monday, March 1, 2021 11:02 PM IST
ന്യൂഡൽഹി: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സന്പത്ത് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു വേണ്ടി പ്രവർത്തനങ്ങളിൽ സജീവമാകാനാണു പദവി ഒഴിഞ്ഞതെന്നു സന്പത്ത് അറിയിച്ചു.
രാജിക്കത്ത് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറി. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെത്തി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമായിരുന്നു രാജി. 2019 ഓഗസ്റ്റു മുതലാണ് കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരള ഹൗസിൽ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി മുൻ എംപി കൂടിയായ സന്പത്ത് പ്രവർത്തനം തുടങ്ങിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിലേക്കു കടക്കുന്നതിനു തൊട്ടുമുന്പാണു രാജി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ സന്പത്തിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുമോയെന്നു വൈകാതെ തീരുമാനിച്ചേക്കും.