ബംഗാൾ സംഘർഷം : ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിച്ചുവരുത്തി
Monday, May 10, 2021 12:44 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയസംഘർഷങ്ങളുടെ പേരിൽ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായെയും ഡിജിപി വീരേന്ദ്രയെയും വിളിച്ചുവരുത്തി ഗവർണർ ജഗ്ദീപ് ധൻകർ. സംഘർഷം സംബന്ധിച്ച് റിപ്പോർട്ട് ആഭ്യന്തരവകുപ്പ് നല്കാത്ത സാഹചര്യത്തിലായിരുന്നു ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയത്.
എന്നാൽ, ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് ഒരു റിപ്പോർട്ടുമില്ലാതെയാണെന്നു ഗവർണർ പിന്നീട് ട്വീറ്റ് ചെയ്തു. സംഘർഷം സംബന്ധിച്ച് റിപ്പോർട്ട് ഉടനെ എത്തിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
മേയ് രണ്ടിനു നടന്ന വോട്ടെണ്ണലിനു പിന്നാലെ ബംഗാളിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. വിവിധ പാർട്ടികളിലെ 16 പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.
തങ്ങളുടെ 14 പ്രവർത്തകർ കൊല്ലപ്പെട്ടതായും ആയിരങ്ങൾ ആസാമിലേക്കു പലായനം ചെയ്തുവെന്നും ബിജെപി ആരോപിക്കുന്നു.
അക്രമസംഭവങ്ങൾ സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര അഡീഷണൽ സെക്രട്ടറിയോടു ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും നല്കിയില്ല. ഇതിനുപിന്നാലെ ഇന്നലെ ഏഴു മണിക്കു മുന്പായി രാജ്ഭവനിലെത്തി തന്നെ കാണണമെന്ന് ചീഫ് സെക്രട്ടറിയോടു ഗവർണർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ചീഫ് സെക്രട്ടറി ആദ്യം ഇതിനു സമ്മതിച്ചിരുന്നില്ല. പിന്നീട് റിപ്പോർട്ട് ഇല്ലാതെ ഗവർണറെ കാണുകയായിരുന്നു.