കോവിഡ്: ലോക കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഹർജി
Saturday, May 15, 2021 1:19 AM IST
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ നിന്നു മനുഷ്യരാശിയെ രക്ഷിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെടണമെന്ന് ആശ്യപ്പെട്ടു മലയാളിയുടെ ഹർജി. സാഹിത്യകാരനും പൊതുകാര്യ പ്രസക്തനുമായ എസ്.പി. നമ്പൂതിരിയാണു സുപ്രീം കോടതിയിലെ അഭിഭാഷകനായ അഡ്വ. വിൽസ് മാത്യൂസ് മുഖേന ഹേഗ് ആസ്ഥാനമായ അന്താരാഷ് ട്ര നീതിന്യായ കോടതിക്കു പരാതി നൽകിയിരിക്കുന്നത്.
കോവിഡ് മഹാമാരി മൂലം ഇപ്പോൾ ലോകത്തു സംജാതമായിരിക്കുന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് അന്താരാഷ്ട്ര നീതിന്യായ കോടതി അതിന്റെ അധികാര പരിധി വിപുലപ്പെടുത്തി പ്രശ്നത്തിൽ ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. യുഎൻ സെക്രട്ടറി ജനറൽ, ഇന്ത്യയുടെ അറ്റോർണി ജനറൽ, സുപ്രീംകോടതി രജിസ്ട്രാർ ജനറൽ എന്നിവർക്കും ഹർജിയുടെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ട്.
പ്രകൃതിയുടെ വരദാനങ്ങളിൽ എല്ലാവർക്കും അവകാശമുണ്ട്. ആഗോള പ്രശ്നം ആഗോളതലത്തിൽ കൈകാര്യം ചെയ്യേണ്ടതാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തു കോവിഡ് മരണങ്ങൾ കൂടാൻ കാരണം അതിനെ നേരിടാൻ ഏകീകൃത പരിശ്രമങ്ങൾ ഇല്ലാത്തതാണെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.