ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്തിൽ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചു
Monday, May 17, 2021 12:23 AM IST
അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരം ഗുജറാത്ത് തീരം തൊടുമെന്നാണു റിപ്പോർട്ട്. 44 എൻഡിആർഎഫ് ടീമിനെയും 10 എസ്ഡിആർഎഫ് ടീമിനെയും ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അവശ്യഘട്ടത്തിൽ സഹായിക്കാൻ സായുധസേനകളും സജ്ജമാണ്.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിൽ വൈദ്യുതി ഉറപ്പാക്കണമെന്നും ഓക്സിജൻ വിതരണം തടസപ്പെടരുതെന്നും സർക്കാർ നിർദേശം നല്കി. ഇന്നും നാളെയും കോവിഡ് വാക്സിനേഷൻ നിർത്തിവച്ചിട്ടുണ്ട്.
സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലും അഹമ്മദാബാദിലും ഇന്നും നാളെയും കനത്ത മഴയുണ്ടായുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. ബുധനാഴ്ച വടക്കൻ ഗുജറാത്തിൽ കനത്ത മഴയുണ്ടാകുമെന്നാണു പ്രവചനം.