തെരഞ്ഞെടുപ്പ് പ്രചാരണം ഗ്രാമീണ ബംഗാളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിനിടയാക്കി
Monday, May 17, 2021 12:23 AM IST
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഗ്രാമീണ ബംഗാളിൽ കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് ആരോഗ്യ വിദഗ്ധർ. മൂന്നു മാസത്തിനിടെ കോവിഡ് പോസിറ്റീവ് കേസുകളിൽ 48 ഇരട്ടി വർധനയാണു ഗ്രാമീണ മേഖലകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഫെബ്രുവരി 26നു തെരഞ്ഞെടുപ്പു കമ്മീഷൻ ബംഗാളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്പോൾ 3343 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ശനിയാഴ്ച വരെ 1.32 ലക്ഷം പേരാണു ചികിത്സയിലുള്ളത്. അതായത് 40 ഇരട്ടി വർധന. എന്നാൽ, കോൽക്കത്ത ഒഴിച്ചുള്ള ഗ്രാമീണ മേഖലയിൽ പോസിറ്റീവ് കേസുകൾ 2183ൽനിന്ന് 1.06 ലക്ഷമായി. 48 ഇരട്ടി വർധന. ബംഗാളിൽ എട്ടു ഘട്ടമായി ഒരു മാസത്തിലേറെ നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിനിടയാക്കിയതെന്ന് സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനി(എസ്ടിഎം)ലെ ഡോ. അമിതാവ നന്ദി പറഞ്ഞു. ഹൂഗ്ലി, പൂർബ ബർധമാൻ, പശ്ചിം മേദിനിപുർ, പൂർവ മേദിനിപൂർ, നാദിയ, ഡാർജിലിംഗ്, മൂർഷിദാബാദ് തുടങ്ങിയ ജില്ലകളിൽ കോവിഡ് വ്യാപനം നൂറിരട്ടിയോളമാണ്.
ഗ്രാമീണ മേഖലകളിൽ പരിശോധനാ സംവിധാനങ്ങൾ തീർത്തും അപര്യാപ്തമാണ്. കോൽക്കത്തയ്ക്കു സമീപമുള്ള ജനസാന്ദ്രതയേറിയ നോർത്ത് 24 പർഗാനസ് ജില്ലയിൽ മൂന്നു ഗവൺമെന്റ് ആർടി-പിസിആർ പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. ശനിയാഴ്ച വരെ ഈ ജില്ലയിൽ 26,047 രോഗികളാണു ചികിത്സയിലുള്ളത്. പല ഗ്രാമീണ മേഖലകളിലും ജനങ്ങൾ പരിശോധന നടത്തുന്നില്ലെന്നും യഥാർഥ കണക്കുകൾ വെളിപ്പെടുത്തുന്നില്ലെന്നും ഡോ. അമിതാവ നന്ദി പറഞ്ഞു.