തീവ്രവാദ ആശയപ്രചാരണം: തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്
Monday, May 17, 2021 12:23 AM IST
ചെന്നൈ: ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കഴിഞ്ഞവർഷം ഡിസംബറിൽ അറസ്റ്റിലായ മധുര സ്വദേശി മുഹമ്മദ് ഇഖ്ബാലിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ മധുരയിൽ നാലിടങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി ഇന്നലെ റെയ്ഡ് നടത്തി.
മുഹമ്മദ് ഇഖ്ബാലിന്റെ വസതിയിൽനിന്ന് ഹിസ്ബ് ഉത് തഹീർ എന്ന തീവ്രവാദ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവയും ലാപ്ടോപ്, ഹാർഡ് ഡിസ്കുകൾ, മൊബൈൽഫോണുകൾ, മെമ്മറി കാർഡ്, സിമ്മുകൾ, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നാണ് കാസിമാർ സ്ട്രീറ്റ്, കെ പുതൂർ, പെതനിയപുരം, മെഹബൂബ് പാളയം എന്നിവിടങ്ങളിൽ ഇന്നലെ എൻഐഎ റെയ്ഡ് നടത്തിയത്.
തൂങ്ക വിഴികൾ രണ്ട് (ഉറങ്ങിയ രണ്ടു കണ്ണുകൾ) എന്ന ഫേസ്ബുക് പേജിലൂടെയാണ് മറ്റു മതവിഭാഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ മുഹമ്മദ് ഇഖ്ബാൽ പ്രചരിപ്പിച്ചുവന്നിരുന്നത്.കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു.