മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ വിമാനം അയച്ചു
Monday, May 31, 2021 12:08 AM IST
ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ വിട്ടുകിട്ടാനായി ഇന്ത്യ സ്വകാര്യവിമാനവും നാടുകടത്തലിന് ആവശ്യമായ രേഖകളും അയച്ചു. ഖത്തർ എയർവെയ്സിന്റെ സ്വകാര്യ ജറ്റ് വിമാനമാണ് ഡൽഹിയിൽ നിന്ന് ഡൊമനിക്കയിലെ ഡഗ്ലസ് ചാൾസ് വിമാനത്താവളത്തിലേക്ക് വെള്ളിയാഴ്ച പറന്നത്. അതേസമയം വിമാനം അയച്ചോയെന്നു സ്ഥിരീകരിക്കാൻ ഇന്ത്യൻ അധികൃതർ തയ്യാറായിട്ടില്ല.
2018 ജനുവരിയിൽ ഇന്ത്യയിൽ നിന്ന് ആന്റിഗ്വയിലെത്തിയ ചോക്സി ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലാവുകയായിരുന്നു. 62 കാരനായ മെഹുൽ ചോക്സി ആന്റിഗ്വയിലെ ജയിലിൽക്കിടക്കുന്ന ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ചോക്സിക്കെതിരേയുള്ള കേസ്.