ഹരിയാനയിലും ഒഡീഷയിലും തെലുങ്കാനയിലും ലോക്ഡൗൺ നീട്ടി
Monday, May 31, 2021 12:08 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി തുടരുന്ന ലോക്ഡൗൺ ദീർഘിപ്പിക്കാൻ ഹരിയാനയും ഒഡീഷയും തെലുങ്കാനയും തീരുമാനിച്ചു. കേരളത്തിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ ലോക്ഡൗൺ ദീർഘിപ്പിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപനമുണ്ടായിരുന്നു. അതേസമയം രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യത്തിൽ ഡൽഹി, മധ്യപ്രദേശ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കഴിഞ്ഞദിവസം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. യുപി, ജമ്മു കാഷ്മീർ എന്നീ സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപരസ്ഥാപനങ്ങൾ കൂടുതൽ സമയം പ്രവർപ്പിക്കാനുള്ള അനുമതിയാണ് ഇളവുകൾ മുഖ്യം. ചില സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ മാളുകൾ തുറക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ ഒരിടത്തും അനുമതി നൽകിയിട്ടില്ല.
ഇന്ത്യയിൽ ഞായറാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിൽ 1,65,553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 46 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണിത്. മൊത്തം രോഗബാധിതരുടെ എണ്ണം 2,78,94,800 ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.