മദ്യമാഫിയയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ചു
Tuesday, June 15, 2021 1:16 AM IST
പ്രതാപ്ഗഡ്: യുപിയിൽ മദ്യമാഫിയയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ചാനൽ റിപ്പോർട്ടർ സുലഭ് ശ്രീവാസ്തവ(42) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിൾ സുഖ്പാൽ നഗറിൽവച്ച് വൈദ്യുതിപോസ്റ്റിൽ ഇടിച്ചായിരുന്നു മരണം.
അനധികൃത ആയുധ നിർമാണ യൂണിറ്റിനെക്കുറിച്ച് റിപ്പോർട്ട് തയാറാക്കിയശേഷം മടങ്ങവെയായിരുന്നു അപകടം. സുലഭിന്റെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
സുലഭ് ശ്രീവാസ്തവയുടെ മരണത്തിൽ ഉത്തർപ്രദേശ് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് സുലഭിന്റെ ഭാര്യ രേണുക ആരോപിച്ചു. മദ്യമാഫിയയ്ക്കെതിരെ റിപ്പോർട്ട് തയാറാക്കിയതിന്റെ പേരിൽ സുലഭിനെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായി രേണുക പോലീസിനു നല്കിയ പരാതിയിൽ വ്യക്തമാക്കി.